കണ്ണൂർ- മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഇത്രയേറെ സുരക്ഷ ഒരുക്കാൻ മുഖ്യമന്ത്രി ആരെയാണ് ഭയമെന്ന് സുധാകരൻ കണ്ണൂരിൽ ചോദിച്ചു. കേരള ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ പെരുമാറുന്നത്. സംസ്ഥാനം കടക്കെണിയിൽ മുങ്ങി ജനങ്ങൾ പട്ടിണിയിൽ കഴിയുമ്പോൾ, അദ്ദേഹം യാത്ര ചെയ്യാൻ 80 ലക്ഷം രൂപ ചെലവഴിച്ച് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുകയാണ്. ഇയാൾക്ക് എന്താണ് സംഭവിച്ചത്? -സുധാകരൻ ചോദിച്ചു.
മുഖ്യമന്ത്രിക്ക് ഇപ്പോൾ തന്നെ അഞ്ഞൂറ് പോലീസുകാരുടെ സുരക്ഷയുണ്ട്. രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഐ.പി.എസ്.ഓഫീസർമാരെ വരെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുകയാണ്. ഇതിന് പുറമെയാണ് കൂടുതൽ സുരക്ഷ ഒരുക്കാൻ ഉത്തരവിറക്കിയത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലത്ത് ഓരോ പത്തു മീറ്ററിലും ഓരോ പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിനിയോഗിക്കുന്നത്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പാളത്തിനിരുവശത്തും ഓരോ കിലോമീറ്റർ ഇടവിട്ട് പോലീസുകാരെ കാവൽ നിർത്തുന്നു. ഇയാൾക്ക് എന്താണ് സംഭവിച്ചത്? ആരെയാണ് ഭയക്കുന്നത്.? മുഖ്യമന്ത്രിക്ക് മരണഭയമാണോ? അതോ സ്വപ്നലോകത്താണോ? അതോ മറ്റെന്തെങ്കിലും പ്രശ്നമാണോ? ഇതുപോലൊരു മുഖ്യമന്ത്രി നാടിന് തന്നെ അപമാനമായി മാറിയിരിക്കയാണ്- സുധാകരൻ തുറന്നടിച്ചു.
പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ റെക്കോർഡ് വിജയം നേടുമെന്ന് ഒരു ചോദ്യത്തിനുത്തരമായി സുധാകരൻ പറഞ്ഞു.